മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിൽ യുഡിഎഫ് സർക്കാർ ആരംഭിക്കുന്ന ‘ചിത്രനഗരം' എന്ന വിസ്മയ പദ്ധതി മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും എന്ന് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ.
സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റാതെ തന്നെ ജെ.സി. ഡാനിയേലിന്റെ സ്മരണ നിലനിർത്തുന്നതിനായി പ്രതിമ സ്ഥാപനം, അവാർഡ് ദാനം തുടങ്ങി അനേകം ശ്രദ്ധേയമായ കർമപരിപാടികൾ ഇതിനകം യാഥാർഥ്യമാക്കിയ സംഘടനയാണ് ജെ. സി. ഡാനിയേൽ ഫൗണ്ടേഷൻ.
മലയാള സിനിമാ മേഖലയ്ക്ക് നവചൈതന്യം നൽകുന്ന വിധത്തിലുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ തികച്ചും സ്വാഗതാർഹമാണ്.
മലയാളത്തിന്റെ മണ്ണിൽ ജെ.സി ഡാനിയേലിന്റെ പേരിൽ മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന, എല്ലാ ആധുനിക സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫിലിം സിറ്റി എന്ന സങ്കല്പം യാഥാർഥ്യമാക്കുവാൻ മുന്നോട്ടുവന്ന യുഡിഎഫ് സർക്കാരിന് ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ പേരിൽ ചെയർപേഴ്സൺ സോന എസ്.നായരും സെക്രട്ടറി സാബു കൃഷ്ണയും പൂർണ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു.